Friday, November 9, 2007

എന്റെ വര്‍ത്തമാനാനുഭവം

ഒരു പത്രസ്ഥാപനം അതിന്റെ ജീവനക്കാരോട്‌ കാണിച്ച ചതി -അതിനോട്‌ പ്രതികരിയ്‌ക്കാന്‍ പ്രതികരണശേഷിയുള്ളവര്‍ തയ്യാറാക്കിയ പ്രതികരണവേദിയില്‍ എങ്ങനെ പ്രതികരിയ്‌ക്കണം എന്നെനിയ്‌ക്കറിയില്ല. പക്ഷേ ഞാനും പ്രതികരിയ്‌ക്കേണ്ടവളാണ്‌. പക്ഷേ എങ്ങനെ പ്രതികരിയ്‌ക്കണം ആത്മരോഷം എഴുതിത്തീര്‍ത്തോ? അതോ മാനേജ്‌മെന്റിനോട്‌ മൗനം ഭഞ്‌ജിക്കണമെന്നാവശ്യപ്പെട്ടോ?

ഇത്‌ ഒരു പ്രതികരണമാകുമോയെന്ന്‌ അറിയില്ല പക്ഷേ അനുഭവമാണ്‌. അത്ര കടുത്തരീതിയിലല്ലെങ്കിലും ഞാനും അവരുടെ ചതിയ്‌ക്ക്‌ പാത്രമായിപ്പോയിട്ടുണ്ട്‌. പക്ഷേ ക്രൂമായി ചതിയ്‌ക്കപ്പെട്ടവരുടേതിന്‌ മുന്നില്‍ എന്റെ അനുഭവത്തിന്‌ പ്രാധാന്യം പോരെന്ന്‌ അറിയാം.

മറ്റു പത്രക്കടലാസുകള്‍ക്കില്ലാത്ത നിറവും കട്ടിയും മിനുപ്പുമായി ആഢ്യത്വത്തോടെ ആഴ്‌ചയിലെ എല്ലാ ദിവസവും സ്‌പെഷ്യല്‍ പേജുകളുമായി പുറത്തിറങ്ങിയ വര്‍ത്തമാനം, ജേര്‍ണലിസം കോഴ്‌സ്‌ ചെയ്യുമ്പോള്‍ത്തന്നെ അച്ചടിയാണ്‌ മാധ്യമമെന്ന്‌ തെറ്റിദ്ധരിച്ചുപോയ ഞങ്ങളില്‍പ്പലരുടേയും ഉള്ളില്‍ ഉറച്ചുപോയ ഒരു സ്വപ്‌നം. മറ്റെല്ലാ പത്രങ്ങള്‍ക്കുമിടയില്‍നിന്നും ഞങ്ങള്‍ വര്‍ത്താമാനത്തിനായി പരതി, പിടിവലികൂടി. കോഴ്‌സ്‌ ചെയ്യുമ്പോള്‍ ആദ്യമായി എഴുതിയ പരീക്ഷയും വര്‍ത്തമാനത്തിന്റേത്‌ തന്നെ. പക്ഷേ എട്ടുനിലയ്‌ക്ക്‌ പൊട്ടി.

വര്‍ത്തമാനം വായിക്കുമ്പോള്‍ ഇവിടെ ഇന്റേണ്‍ഷിപ്പിനെങ്കിലും അവസരം കിട്ടണമെയെന്ന്‌ ഞാനും ആഗ്രഹിച്ചു. കോഴ്‌സ്‌ കഴിഞ്ഞ്‌ ജോലിഅന്വേഷിച്ചു കഴിയാവുന്നത്‌ ചെയ്‌ത്‌ നടക്കുമ്പോള്‍ വീണ്ടും ട്രെയിനികളെ വിളിയ്‌ക്കുന്നു. അപ്പോഴേയ്‌ക്കും പേപ്പര്‍ ക്വാളിറ്റി മുതല്‍ പലതിലും വര്‍ത്തമാനത്തിന്‌ വിട്ടുവീഴ്‌ച ചെയ്യേണ്ടിവന്നിരന്നു. എങ്കിലും ആ അരിഷ്ടതയൊന്നും ഉള്ളടക്കത്തെ ബാധിച്ചിരുന്നില്ല.

പരീക്ഷ നടത്തുകയും ലിസ്‌‌റ്റിടുകയും മുന്നറിയിപ്പില്ലാതെ ലിസ്റ്റ്‌ റദ്ദാക്കുകയും ചെയ്യുന്ന പലപത്രങ്ങളെയും പോലെ വര്‍ത്തമാനത്തില്‍ സംഭവിക്കില്ലെന്നൊരു വിശ്വാസം. പരീക്ഷയെഴുതി. അഭിമുഖത്തില്‍ കുഴപ്പമില്ലാതെ കയറിപ്പറ്റി. (ആദ്യ പരീക്ഷയെഴിതിയതിനേക്കാളും വിവരം എനിയ്‌ക്ക്‌ പിന്നീടുണ്ടായോ എന്നറിയില്ല. അതോ പണം കുറച്ച്‌ തന്നാല്‍ മതിയെന്നതിനാല്‍ കഴിവുനോക്കാതെ തിരഞ്ഞെടുത്തതാണെന്നും അറിയില്ല).


രണ്ടാമതും നടത്തിയ അഭിമുഖത്തിലാണ്‌ പ്രതിഫലം ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞത്‌. നിരാശ തോന്നിയില്ല തുടക്കക്കാരിയല്ലേ രാത്രിയിലും പകലും ഒരേപോലെ പണിയേണ്ടിവരുമെന്ന മുന്നറിയിപ്പ്‌. എന്തുമാകട്ടെയുന്നുകരുതി ജോലിയ്‌ക്കു ചേര്‍ന്നു. രാത്രിഷിഫ്‌റ്റിലായതിനാല്‍ സ്ഥാപനത്തിന്‌ സമീപത്ത്‌ എവിടെയെങ്കിലും താമസിക്കണം. ഞങ്ങള്‍ ജൂനിയര്‍ പെണ്ണുങ്ങള്‍ ചേര്‍ന്ന്‌ ഒരു വീട്ടു തപ്പിപ്പിടിച്ച്‌ പണം കൊടുക്കുന്ന അതിഥികളായി നില്‍ക്കാന്‍ സംവിധാനമുണ്ടാക്കി.

കിട്ടുന്നത്‌ അവിടെ വാടകകൊടുക്കാന്‍ തികയുമെന്നതായിരുന്നു ഏക ആശ്വാസം. പക്ഷേ പതുക്കെ കാര്യങ്ങള്‍ അറിയാന്‍ തുടങ്ങി, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പല്‍ അല്ലെങ്കില്‍ മുങ്ങാന്‍ വിട്ടേയ്‌ക്കുന്ന ഒരു കപ്പല്‍ അതാണ്‌ വര്‍ത്തമാനമെന്നായിരുന്നു അദ്യത്തെ തിരിച്ചറിവ്‌. എങ്കിലും കാര്യങ്ങള്‍ പഠിക്കമല്ലോയെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.

രണ്ടുമാസം പിന്നിട്ടു കുഴപ്പമൊന്നുമില്ല. പുതിയവരൊക്കെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ച്‌ പ്രാപ്‌തിനേടുന്നുണ്ടെന്ന പ്രശംസ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ കോരിത്തരിപ്പിച്ചു. പക്ഷേ മൂന്നാം മാസം സ്ഥിതിമാറി കാശില്ല. രണ്ടും ചേര്‍ത്ത്‌ അടുത്തമാസം കിട്ടുമെന്ന്‌ കരുതി. ഇല്ല. പിന്നെ സാവധാനം എല്ലാവരും മറ്റവസരങ്ങള്‍ തേടാന്‍ തുടങ്ങി.

ശംബളമില്ലാത്തതിന്റെ മൂന്നാം മാസം എക്സിക്യൂട്ടീവ് എഡിറ്ററായ അബൂബക്കര്‍ കാരക്കുന്ന് ഒരു മീറ്റിംഗ്‌ വിളിച്ചു. ആര്‍ക്കും എന്തഭിപ്രായവും സങ്കടവും ബോധിപ്പിക്കാം. സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ എല്ലാവരും നിരന്നിരുന്നു. പലരും പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ജൂനിയേഴ്‌സിന്റെ ബൈ-ലൈന്‍ സ്റ്റോറി വരാത്തതിനെക്കുറിച്ചും സംസാരിച്ചു.

ഇവര്‍ നിര്‍ബ്ബന്ധിച്ചിട്ടാണ്‌ എന്നും രാത്രിവന്ന്‌ കൂട്ടിക്കൊണ്ടുപോകാമെന്ന അച്ഛന്റെ വാക്കു തട്ടിമാററി വാടക വീട്ടില്‍ നില്‍ക്കുന്നത്‌ രണ്ടുമാസമായി മുടങ്ങിക്കിടക്കുന്ന കാശിനെപ്പറ്റി ഹേഹെ. ഞാന്‍ പറയാനോങ്ങി ഒരു സീനിയര്‍ കണ്ണുരുട്ടി. മനസ്സില്‍ ഒരുക്കിപ്പിടിച്ചുണ്ടാക്കി നാവില്‍കൊണ്ടുവന്ന വാചകം ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങി. ലേബല്‍ ട്രിയിനിയെന്നാണല്ലോ. പ്രതികരിച്ചില്ല, അല്ലെങ്കില്‍ അതിന്‌ സമ്മതിച്ചില്ല. സമ്മതിയ്‌ക്കാതിരുന്നത്‌ ഒരു മാനേജ്‌മെന്റ്‌ അടിയാളനായിരുന്നുവെന്ന്‌ പിന്നീടറിഞ്ഞു.

അന്നു പ്രതികരിക്കേണ്ടതായിരുന്നു. പിന്നെ വര്‍ത്തമാനത്തോടുള്ള വൈകാരിക അടുപ്പത്തെ നിയന്ത്രിച്ച്‌ ഞങ്ങളൊന്നൊന്നായി സ്ഥാപനം വിട്ടു. പക്ഷേ പേജിനേഷന്‍ കലയും തര്‍ജ്ജിമയുടെ രീതിശാസ്‌ത്രവും പഠിച്ചത്‌ അവിടുന്നാണെന്ന്‌ പറാന്‍ എനിയ്‌ക്ക്‌ രണ്ടാമതൊന്ന്‌ ചിന്തിക്കേണ്ടതില്ല. മുന്‍നിര പത്രസ്ഥാപനത്തില്‍ പരിശീലനം കിട്ടിയിട്ടും ഞാനിതൊക്കെ കാര്യമായി മനസ്സിലാക്കിയത്‌ വര്‍ത്തമാനത്തില്‍ നിന്നുതന്നെ, ഞങ്ങളുടെ പ്രിയ ന്യൂസ്‌ എഡിറ്ററുടെ( രാജീവ് ശങ്കര്‍) ശിക്ഷണത്തില്‍.

അദ്ദേഹത്തിന്റെ അന്നത്തെ ജീവിതം വര്‍ത്തമാനത്തില്‍ത്തന്നെയായിരുന്നു. ഡെസ്‌കില്‍ നാലു പേരാണെങ്കിലും പേജുകള്‍ക്ക്‌ കുറവില്ലാതെ സമ്പന്നമായി എഡിറ്റോറിയല്‍ പേജോടെതന്നെ വര്‍ത്തമാനം പുറത്തിറങ്ങിയത്‌ അദ്ദേഹത്തിന്റെ ഒറ്റ മിടുക്കിലായിരുന്നു. അവസാനം സഹികെട്ട്‌ ആ മനുഷ്യനും പിടിയിറങ്ങി.

ഇതിനിടെ എനിയ്‌ക്ക്‌ മറ്റൊരു ജോലികിട്ടി. മാധ്യമമെന്നാല്‍ അച്ചടിമാധ്യമം മാത്രമല്ലെന്ന്‌ സ്വയം തിരുത്തി ഞാനാ ജോലി സ്വീകരിച്ചു. ആദ്യ അവധിയ്‌ക്‌ വീട്ടില്‍ ചെന്നപ്പോള്‍ വര്‍ത്തമാനം കൂട്ടുകാരെ കാണാന്‍ പോയി. കണ്ടമാത്രയില്‍ മാനേജര്‍ ചോദിച്ചു ഐഡി കാര്‍ഡ്‌ സബ്‌മിറ്റ്‌ ചെയ്യാതെയാണല്ലേ പോയത്‌. അത്‌ സത്യമായിരുന്നു. ഞാന്‍ തിരിച്ചുകൊടുത്തിരുന്നില്ല. അതവിടെ എത്തിച്ചില്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്ന്‌.

എന്തോ അധ്വാനിച്ച പണം പിടിച്ചുവച്ചവരോടുള്ള എന്റെ രോഷം പുറത്തുവന്നു. പണം തന്നാല്‍ കാര്‍ഡ്‌ തരാമെന്ന്‌ ഞാന്‍ പറഞ്ഞു. കാശിന്‌ ചോദിച്ചപ്പോള്‍പ്പിന്നെ നടപടിയുമില്ല നിയമവുമില്ല. കാര്‍ഡ്‌ ഇപ്പോഴും എന്റെ കയ്യിലിരിക്കുന്നു.

പത്രം വായിച്ച്‌ കണ്ണുമഞ്ഞളിച്ച്‌ കയറിച്ചെന്നവരാണ്‌ ഞങ്ങള്‍, സിംഹം കിടന്നിടത്ത്‌ രോമംപോലുമില്ലാത്ത അവസ്ഥ. രാത്രിഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചിരുന്നത്‌ പത്രമെടുക്കാന്‍ പുറത്തുനിന്നും വരുന്ന വാഹനത്തില്‍. കമ്പനിവാഹനം ചിലപ്പോള്‍ അഴീക്കോടിനൊപ്പം പോയി അല്ലെങ്കില്‍ മറ്റുമാനേജ്‌മെന്റ്‌ പ്രതിനിധികള്‍ക്കൊപ്പം പോയെന്ന വിശദീകരണം.

അര്‍ദ്ധരാത്രിയിലും അതുകഴിഞ്ഞിട്ടും കോഴിക്കോടിന്റെ എല്ലാ ബസ്‌ സ്‌റ്റാന്റുകളിലും നിര്‍ത്തി റോഡില്‍ നടക്കുന്നവര്‍ക്ക്‌ എത്തിനോക്കാന്‍ അവസരം നല്‍കിയായിരുന്നു ഞങ്ങളെ വീടെത്തിച്ചത്‌. ഇങ്ങനെ വനിതാ സബ്‌-എഡിറ്റര്‍മാരെ ഇത്രയും പോപ്പുലറാക്കി വീടെത്തിയ്‌ക്കാന്‍ മാത്രം പുരോഗമിച്ച ആദ്യപത്രമെന്ന പദവിയും വര്‍ത്തമാനമായിരിക്കും.

പണം നല്‍കാതിരുന്നിട്ടും ഞങ്ങളുടെ അന്നം മുടക്കാതിരുന്ന ഞങ്ങളുടെ പോറ്റമ്മയാണ്‌ വര്‍ത്തമാനത്തിന്റെ മറ്റൊരു സമ്മാനം. രണ്ടുമാസം പണം കൊടുക്കാതിരുന്നിട്ടും ചേര്‍ന്ന ദിവസം തന്ന അതേ വിഭവങ്ങളോടെയാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ മൂന്നുനേരം ഭക്ഷണം തന്നിരുന്നത്‌. ഞങ്ങള്‍ നല്ലനിലയിലെത്താന്‍ അമ്പലങ്ങളിലെല്ലാം കയറി പ്രാര്‍ത്ഥിച്ചതും. വര്‍ത്തമാനത്തിനകത്തുള്ള പ്രമാണകളേക്കാള്‍ വിവരം ഞങ്ങളുടെ ആ അമ്മയ്‌ക്കായിരുന്നു.